Tuesday 22 November 2011

ഇനി യാത്രയില്ല


ഇനി യാത്രയില്ല

ഇവിടെ ഈ ആല്‍ത്തറയില്‍ ഞാനൊന്നുറങ്ങട്ടെ
ഇനി യാത്രയില്ലെവിടെക്കും മോക്ഷ,സുഖങ്ങള്‍ക്കായ്‌
എന്‍ ബാല്യത്തിന്‍ കലഹവും ഭയവും തുടിക്കുന്നോരീ
അമ്പലക്കുളക്കരയില്‍ ,ഈ ആല്‍ത്തറയിലൊടുങ്ങട്ടെ ഞാന്‍

ഇതാ കിഴക്കോട്ട് പോകുന്നൊരീ വഴിയെ ഏറെ നടന്നിട്ടുണ്ട് ഞാന്‍
മേളഭ്രാന്തേറി ചെണ്ടമേളം പഠിക്കാനെന്‍ ഗുരുവിങ്കല്‍.
ഇപ്പോള്‍ ഈ വഴി എടുത്തണിഞ്ഞ കണ്മഷി മറയ്ക്കുന്നില്ല
എന്റെ കുഞ്ഞുകാലടികളെ ,എന്‍ കിനാവുകളെ

വളരാനഗ്രഹിച്ചതല്ല ഞാന്‍ എന്നും കുട്ടിയായ്‌ എന്‍ കാവിലെന്നും
കരിങ്കല്പ്പാളികള്‍ക്കിടയിലെ വിടവില്‍ ചവിട്ടാതെ ശ്രദ്ധയായ്‌
പ്രദക്ഷിണം ചെയ്തമ്മതന്‍  വിരലില്‍ തൂങ്ങി വൃശ്ചികത്തില്‍
ശീവേലി തന്‍ ഒറ്റ ചെണ്ട നാദം മാത്രം കേള്‍ക്കാന്‍ കൊതിച്ചു

പിന്നെ കാവിലമ്മ തന്ന ഭാഗ്യങ്ങള്‍ ഓരോന്നും ,നിര്‍ഭാഗ്യവും
സുഖവും ദുഖവും എല്ലാം അനുഭവിച്ചേറെ നാളായ്
തുടരുന്നു യാത്ര—പരിചിതനഗരങ്ങളില്‍ അപരിചിതനായ്‌
കേള്‍ക്കുന്ന ശബ്ദങ്ങള്‍ പലതും ശീവേലിയായ് കാതില്‍ പതിക്കുന്നു

ഇനി യാത്രയില്ല,, എന്‍ ഭാണ്ടമിവിടെ അഴിച്ചു വയ്ക്കട്ടെ  
ഈ വഴിയില്‍ കാണുന്നൊരപരിചിതര്‍ പോലും ,മൃഗങ്ങള്‍ പോലും
ഈ ഇലകള്‍ പോലും ചിരപരിചിതരായ്‌ തോന്നുന്നെനിക്കമ്മേ,
ഇനി യാത്രയില്ല ,ഈ ആല്‍ത്തറയില്‍ ഒതുങ്ങട്ടെ ഞാന്‍ ,

സന്തോഷ്‌ രാജഗോപാല്‍
22 നവംബര്‍ 2011

1 comment:

  1. ഗൃഹാതുരം!

    അമ്മയുടെ ഓർമ്മകൾ കണ്ണുകൾ നനയിച്ചു.(എനിയ്ക്ക് അപ്പച്ചനെയാണു നഷ്ടപ്പെട്ടതെന്ന് മാത്രം)

    എങ്കിലും കുട്ടുകാരാ, നാട് അത്രയൊന്നും സുന്ദരമല്ലെന്നാണു എന്റെ മതം. സ്ഥിരതാമസമകുമ്പോൾ അവിടെയും വിരസമാകും. യാത്ര ചെയ്യാനാകും വരെ യാത്ര ചെയ്യൂ. നമുക്ക് വന്നും, പോയും നില്ക്കാം.

    നല്ല കവിത!

    ReplyDelete