Thursday 6 October 2011

ആലോചന





ആലോചന
സന്തോഷ്‌ രാജഗോപാല്‍
നാളെയാണ് ഇന്റര്‍വ്യു.ബോംബെയില്‍ ഒരു പഞ്ചനക്ഷത്ര ഹോടല്‍ ആണ് വേദി.
പഠിച്ചത് വൈദ്യവൃത്തി ആണെന്ന്കിലും ( നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഡോക്ടര്‍ ലൈന്‍ ) അധികം പുറത്തു സന്ച്ചരിചിടില്ല. ഇടയ്ക്കു തിരുവനന്തപുരം,മദ്രാസ്‌.കോയമ്പത്തൂര്‍.പിന്നെ പോയത് സാക്ഷാല്‍ ദില്ലിയില്‍. അത് ഒരു ഒന്നൊന്നര പോക്കായിരുന്നു. ഞാന്‍ ആലോചിച്ചു.പത്തു ദിവസം. ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു. മെഡിക്കല്‍ ഉപരിപഠനത്തിനുള്ള ഇന്റര്‍വ്യു കൌന്സല്ലിംഗ്.
ഒരു കക്ഷി ഊട്ടിയില്‍ പഠിക്കുകയും തദ്വാരാ മിനി സായിപ്പായി രൂപാന്തരപ്പെടുകയും ചെയ്ത സുധീപ്‌. സുധീപിന്റെ ലഘുവായ അഭിപ്രായങ്ങളില്‍ ഒന്ന് ഞങ്ങളുടെ മെഡിക്കല്‍ കോളേജ് ലൈബ്രറി എയര്‍ കണ്ടീഷന്‍ ചെയ്യണം എന്നായിരുന്നു. ലൈബ്രേറിയന്‍ സിനിമ കൊട്ടകയില്‍ (രാഗം,രാമദാസ്‌ തുടങ്ങിയ നഗരത്തിലെ മുന്തിയ തിയറ്ററുകള്‍ ) അല്ലാതെ “എ.സി.” കണ്ടിട്ടില്ലാതതുകൊണ്ട് ഈ അഭിപ്രായത്തിനു വലിയ വില കല്പിച്ചില്ല. ഞങ്ങള്‍ ചിലരെങ്കിലും അവിടെ പോയിരുന്നത് സുന്ദരിയായ അസിസ്റ്റന്റ്‌ ലൈബ്രേറിയനെ വായില്‍ നോക്കാന്‍ വേണ്ടിയായിരുന്നു താനും.
പിന്നെ എന്റെ കൂടെ ദല്‍ഹിക്ക് വന്നത് ശ്യാംസുന്ദര്‍ ആണ്. പഠിപ്പ്, ക്രിക്കറ്റ്‌, തുടങ്ങി സമസ്തമേഖലകളിലും തിളങ്ങിയിരുന്ന ഈ ചങ്ങാതി ഒരു പാട്ടുകാരന്‍ കൂടി ആയിരുന്നു.ചുരുക്കത്തില്‍ ഒരു ആള്‍ റൌണ്ടര്‍. സുന്ദരനല്ലെന്കിലും കാണാന്‍ തരക്കേടില്ല. ഈ തരക്കെടില്ലയ്മയെ പുരുഷസൗന്ദര്യത്തിന്റെ പ്രതീകമായി പുകഴ്ത്താന്‍ ഞങ്ങളില്‍ പലരും ഉത്സാഹിച്ചിരുന്നു. ചുമ്മാ ഒരു രസത്തിന്. ഈ സ്വയാര്‍ജിത സൌന്ദര്യത്തിന്റെ ബലത്തില്‍ ഒരു ജുനിയര്‍ പെന്‍കുട്ടിയെ വളക്കാന്‍ ഞങ്ങളുടെ പൂര്‍ണ പിന്തുണയോടെ ടി കക്ഷി ശ്രമിക്കുകയും ചെയ്തു.അതിനു വേദി ആയതും പാവം ഈ ലൈബ്രറി തന്നെ. തന്റെ അപ്പ്രോച് “നോവല്‍” (പുതിയത് എന്നര്‍ത്ഥം വരുന്ന സായിപ്പിന്റെ ദ്വയാര്‍ത്ഥ പദം) ആയിരിക്കണം എന്ന് ശ്യാമിന് നിര്‍ബന്ധം ഉണ്ടായിരുന്നു.
ലൈബ്രറിയില്‍ “മൈക്രോബയോളെജി” പുസ്തകം വായിച്ചു കൊണ്ട് തന്റെ “സ്ടൂടിയസ് നേച്ചര്‍” വിളംബരം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു കേസിലെ രണ്ടാം പ്രതിയായ ഞങ്ങളുടെ ജുനിയര്‍ രഞ്ജിനി എസ്സ് .രാജ. തന്റെ ഏറ്റവും മനോഹരമായ ചിരിയുമായി ശ്യാം രണ്ജിനിയെ സമീപിക്കുന്നു.
ഓല പടക്കത്തിന് തീ കൊടുക്കാന്‍ പേടിച്ചു ഒന്നര മീറ്റര്‍ നീളത്തില്‍ കടലാസു ചുരുട്ടി തിരിയില്‍ കെട്ടി അതിനു തീ കൊടുക്കുന്ന ഒരു തരാം അപ്പ്രോച് ആണ് ഞങ്ങള്‍ സാക്ഷികള്‍ പ്രതീക്ഷിച്ചത്. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് തൃശൂര്‍ പൂരത്തിന് അമിട്ട് പൊട്ടുന്ന പോലെയാണു  ശ്യാം ചോദ്യം എറിഞ്ഞത്. ( ശ്രദ്ധിക്കുക: അമിട്ടാ പൊട്ടി ,എന്തുട്ടാ കാണണെ എന്നുള്ളതാണ് തൃശ്ശൂരിന്റെ ബൈ ലൈന്‍ )
“ഞാന്‍ തന്നെ കെട്ടട്ടെ? “
ഞങ്ങള്‍ കൂട്ടുകാര്‍ സേഫ് ആയ ദൂരത്തു നിന്നും മനസ്സില്‍ ഒരു “സ്ടാണ്ടിംഗ് ഒവേഷന്‍” കൊടുത്തു.”കലക്കിട്ടാ” എന്ന് മനസ്സിലും പറഞ്ഞു. കയ്യടി അവസാനിക്കും മുമ്പ് രഞ്ജിനി തല വെട്ടിച്ച് തിരിച്ചൊരു ചോദ്യം
“ കയറ് വേണോ ?”
രക്തക്കുറവിന്റെ അങ്ങേയറ്റത്തെ അവസ്ഥയില്‍ മുഖത്തുണ്ടാകുന്ന “പേപ്പറി വൈറ്റ് “ നിറം ഞങ്ങളുടെ ബാച്ചുകരില്‍ ഞങ്ങള്‍ മാത്രം കാണാനിടയായത് അങ്ങനെയാണ്-ശ്യാമിന്റെ മുഖത്ത്.
ഈ ഹീറോ ആണ് ദല്‍ഹിയില്‍ എന്റെ ഒപ്പം വന്ന രണ്ടാമത്തെ “ഗടി”.
അങ്ങനെ ഞങ്ങള്‍ മൂന്നു പേര്‍ തലസ്ഥാനത് കറങ്ങി.ജവഹര്‍ലാല്‍ നെഹ്രു യുണിവേഴ്സിററിയുടെ ഗസ്റ്റ് ഹൌസില്‍ താമസം—എന്റെ കസിനും പത്രപ്രവര്‍ത്തകയും ആയ ദിവ്യയുടെ കരുണ.പകല്‍ മുഴുവന്‍ ജെ.എന്‍.യു. കാമ്പസിലെ “സൌന്ദര്യം” ഞങ്ങള്‍ കണ്ടാസ്വദിച്ചു-ഇന്റര്‍വ്യൂ ഉണ്ടായിരുന്ന മൂന്ന് ദിവസങ്ങള്‍ ഒഴിച്ച്. ഒരു ദിവസം രാത്രി തിരിച്ചു ചെന്നപ്പോള്‍ ആകെ ബഹളം. സംഭവം സിമ്പിള്‍. ഞങ്ങളില്‍ ആരോ വാട്ടര്‍ ടാപ്പ് അടക്കാന്‍ മറന്നു.രാവിലെ വെള്ളം നേരത്തെ നിന്നതിന്റെ ഫലം. വൈകിട്ട് വെള്ളം വന്നു .ഞങ്ങളുടെ മുറിയും അടുത്തുള്ള ഒരു സായിപ്പിന്റെ മുറിയും ചെറിയ സ്വിമ്മിംഗ് പൂളുകളായി മാറി. “അറ്റാച്ച്ട് സ്വിമ്മിംഗ് പൂള്‍ കണ്ടു സായിപ്പ് കോപാവിഷ്ടനായി എന്തൊക്കയോ പുലമ്പുന്നു. ഞങ്ങളും ഇന്ത്യന്‍ ഇംഗ്ലീഷില്‍ സായിപ്പിനെ കണക്കിന് തെറി വിളിച്ചു. രാവിലെയാണ് മനസ്സിലായത് ചങ്ങാതി പോളണ്ടില്‍ നിന്നും വന്ന ഒരു പ്രശസ്ത നാടകകൃത്താണ്. “നാടകാന്തം കപിത്വം “ എന്ന് അദ്ദേഹത്തിനു അന്ന് മനസ്സിലായി കാണണം.
ആലോചനയില്‍ വിരിഞ്ഞ ഈ യാത്രകൊള്‍ക്കൊന്നും ഇല്ലാത്ത ഒരു ഗുലുമാലുണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള എന്റെ ഈ ബോംബെ യാത്രക്ക്.സംഭവം വിമാനത്തിലാണ്. വണ്ടിയുടെ അനൌണ്‍സ്മെന്റ് കേള്‍ക്കുമ്പോള്‍ പെട്ടിയും തൂക്കി പ്ലാറ്റ്ഫോമിലേക്ക് കേറുന്ന പരിപാടിയല്ല. ആദ്യത്തെ വിമാനയത്രയാണ്. സംഗതി സീരിയസ്. വീട്ടില്‍ രണ്ടു പേര്‍ അന്ന് “പരിചയസമ്പന്നരായ” വിമാനയാത്രക്കാരായിയുരുന്നു. അച്ഛന്‍ ഒരിക്കല്‍ സര്‍ക്കാര്‍ ചെലവില്‍ ബോംബെയ്ക്ക്‌ പോയിട്ടുണ്ട്. ജ്യേഷ്ഠന്‍ പണ്ട് സ്കൂള്‍ ട്രിപ്പിന്റെ ഭാഗമായി പതിനഞ്ചു നിമ്ഷം വിമാനത്തില്‍ ഇരുന്നിട്ടുണ്ട്-കൊച്ചിയില്‍ നിന്ന് തിരുവനതപുരത്തേക്ക്. ഇവരില്‍ നിന്നൊക്കെ വിമായാത്രയെക്കുരിച്ചുള്ള സമസ്തവിവരങ്ങളും ഞാന്‍ ശേഖരിച്ചു.
പഴയ ദല്‍ഹി യാത്രയിലെ മംഗള എക്സ്പ്രസ്സിലെ എന്‍.ബി.കൃഷ്ണകുറുപ്പിന്റെ കാറ്ററിങ്ങിനെ കുറിച്ച് ആലോച്ചനയിലണ്ടിരിക്കുമ്പോള്‍ ആണ് ജ്യേഷ്ഠന്‍ വിളിച്ചത്.
“ ഡാ രമേശാ,നീ എറങ്ങണില്ലേ? മണി എട്ടായി.”
വിമാനം പന്ത്രണ്ട് മണിക്കാണ്. പത്തരക്ക് ‘റിപ്പോര്‍ട്ടിംഗ് ടൈം’ എന്നറിയപ്പെടുന്ന അഖില ലോക സമയം കൊല്ലി. ഞങ്ങളുടെ വീട്ടില്‍ നിന്നും വിമാനത്താവളത്തിലേക്ക് കൃത്യം നാല്പത്തിനാല് കിലോമീറ്റര്‍.;വീട്ടിനടുത്ത് തന്നെയുള്ള പച്ച ബോര്‍ഡില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.(ബോര്‍ഡ്‌ സ്പോണ്സര്‍ ചെയ്ത അക്കര ജുവല്ലെഴ്സ് ഉടമ ചുമ്മാറിനു നന്ദി.)
ആദ്യത്തെ വിമാനയാത്ര ആയത് കൊണ്ട്‌ നേരത്തെ ഇറങ്ങണം.
“ ടൊമസ്റ്റിക് ഫ്ലൈറ്റ് ആയത് കൊണ്ട് ഫോര്‍മാലിറ്റീസ് കുറവാണെന്ന്’ അവിടെ അപ്പോള്‍ എത്തിച്ചേര്‍ന്ന ഗള്‍ഫ്‌ റിട്ടേണ്‍ ദാമോദരേട്ടന്‍ ഒരു ടിപ്പ് തന്നു. ഈ പഹയന്‍ ഇത്രയും ദിവസം വരാതിരുന്നത് കൊണ്ട് എന്റെ വിജ്ഞാനസമ്പാദനം അപൂര്‍ണമായിരുന്നു എന്ന് അപ്പോള്‍ മനസ്സിലായി..
“ദാറ്റ്സ് റൈറ്റ്” എന്ന് എല്ലാം അറിയുന്ന പോലെ ഒരു തട്ട് തട്ടി.അപ്പോഴേക്കും എനിക്ക് പോകാനുള്ള ടാക്സി എത്തി. ടാക്സി സ്റ്റാണ്ട് അടുത്തായത് കൊണ്ട് ഡ്രൈവര്‍ ചുമ്മാര്‍ ചിരപരിചിതന്‍.( ഈ ചുമ്മാരും അക്കര തന്നെ,പക്ഷെ നോ റിലേഷന്‍ ). മൂപ്പര്‍ വണ്ടി  ഓടിക്കുന്നത് (പഴയ അംബാസിഡര്‍ മാര്‍ക്ക്‌ ടു ,കണ്‍വേര്‍ട്ടെട് ടു മാര്‍ക്ക്‌ ത്രി)  ,  ഒരു പ്രത്യേക രീതിയിലാണ്. ഡ്രൈവര്‍ സൈഡ് വാതിലിനോടു ചേര്‍ന്നിരുന്ന്,ഉള്ളിലേക്ക് നോക്കിക്കൊണ്ട്.പഴയ കാലത്ത് അംബാസിഡര്‍ കാറില്‍ എട്ടു പേര്‍ കയറും.അതിനുള്ള അടാപ്‌റ്റെഷന്‍ ആണിതെന്ന് ഡാര്‍വിന്റെ ശാസ്ത്രീയ സിദ്ധാന്തം തെളിയിക്കുന്ന ഒരു കണ്ടുപിടിത്തവും ഞാന്‍ നടത്തിയിരുന്നു. ഇപ്പോള്‍ ഒരു കാറില്‍ ഒന്ന്,പരമാവധി രണ്ടു പേര്‍.കല്യാണ വാടകയാണെങ്കില്‍(വെള്ള അംബാസഡര്‍ പ്രിഫെര്‍ട്)-ചിലപ്പോള്‍ രണ്ടു കാറിനു കൂടി ഒരു യാത്രക്കാരനെ കാണൂ. പക്ഷെ ചുമ്മാരേട്ടന്റെ ഇരിപ്പ് മാറിയിട്ടില്ല. പിന്നെ വണ്ടിയുടെ വേഗതയും. പരമാവധി നാല്പതു .അത് കഴിഞ്ഞാല്‍ അംബാസഡര്‍ അല്പം ശങ്കയോടെ തിരിഞ്ഞു നോക്കും.,ചുമ്മാരരേട്ടന്‍ തന്നെയല്ലേ വണ്ടി ഓടിക്കുന്നതെന്ന്.
ഏതായാലും പത്തരയോടെ ഞങ്ങള്‍ വിമാനത്താവളത്തില്‍ എത്തി. രണ്ടു ചെറിയ പെട്ടിയെ ഉള്ളു. ഒന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആണ്. അത് കയ്യില്‍ വെക്കാന്‍ ആണ് നിര്‍ദേശം. ‘ ഹാന്‍ഡ്‌ ബാഗേജ്’ ആണ് പോലും.മറ്റേ പെട്ടി ‘ചെക്ക്‌ ഇന്‍’ ചെയ്യണം. മാരണം. ശങ്കയോടെ ഇടതു വശത്ത് കണ്ട എക്സറേ മെഷിനെ സമീപിച്ചു. ജെറ്റ്‌ എയര്‍വേയ്സിന്റെ വിമാനമാണ്. അത് കൊണ്ട് ദേശീയ വിമാന കംബനികളിലെത് പോലെ സ്ഥായിയായ വിഷാദ ഭാവമുള്ള സ്റ്റാഫ്‌ അല്ല. പെട്ടിയെടുത്ത് അവര്‍ മെഷിനിലെക്ക് തള്ളി. ഞാന്‍ പ്രതീക്ഷയോടെ കാത്തു നിന്ന്. ഏടാകൂടം ! അത് പുറത്തേക്കു വരുന്നില്ല. അല്പം കഴിഞ്ഞപ്പോള്‍ മനസ്സിലായി സംഭവം എതിര്‍ വശത്താണ് വരുന്നത്. ഒന്നും സംഭവിക്കാത്തത് പോലെ പെട്ടിയെടുത്ത് ‘ചെക്ക്‌ ഇന്‍’ കൌണ്ടറിലെത്തി.ഹാന്‍ഡ്‌ ബാഗ്ഗെജ് നേരത്തെ എക്സ് റേ ചെയണ്ട എന്ന ദാമോദരേട്ടന്റെ ടിപ് ഉപകാരമായി. കൌണ്ടറിലെ  പയ്യന്‍
“വിന്‍ഡോ ഓര്‍ അയല്‍” എന്ന് ചോദിച്ചു.’അയ്ല്‍’ എന്താണെന്ന് വലിയ പിടിയില്ലാത്തത് കൊണ്ടും വിന്‍ഡോ ജനല്‍ ആണെന്ന് തിട്ടമുള്ളത് കൊണ്ടും ഉറച്ചു പ്രതിവചിച്ചു.” വിന്‍ഡോ പ്ലീസ്‌”. ചങ്ങാതി ആഴ്ചയ്ക്ക് നാല് വട്ടം വിമാനയാത്ര നടത്തുന്ന ഒരു ലക്ഷാധിപതി ആണെന്ന് അയാള്‍ കരുതിക്കാണും. (ഈയിടെ ഒരു സുഹൃത്ത് ഒരു കണ്ടുപിടിത്തം നടത്തിയപ്പോള്‍ ആണ് അയില്‍ സീറ്റിന്റെ പ്രാധാന്യം മനസ്സില്യത്. ‘ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന ‘വ്യോമാസുന്ദരികളുടെ സ്പര്‍ശനസുഖം അനുഭവിക്കാന്‍ അയില്‍ സീറ്റ്‌ ആണത്രേ നല്ലത്.(വഷളന്‍!)
അത് കഴിഞ്ഞപ്പോള്‍ ആണ് അടുത്ത ഏടാകൂടം! “ബാഗേജ്‌ ടാഗ് “.പയ്യന്‍ കനിവോടെ നല്‍കിയ ഈ കുന്ത്രഷ്ടാണം (എന്റെ ഒരു പഴയ സുഹൃത്തിന്റെ ഭാഷയാണ്) എങ്ങനെ കെട്ടിയാലും ബാഗേജിനോട് ചേര്‍ന്നിരിക്കുന്നില്ല.സിംഗിള്‍ നോട്ട്,ഡബിള്‍ നോട്ട്,ബട്ടര്‍ ഫ്ലൈ നോട്ട് തുടങ്ങി നാലാം ക്ലാസ്സില്‍ ഷൂ ധരിക്കാന്‍ ഉപയോഗിച്ചിരുന്ന ‘അഡ്വാന്‍സ്ഡ് ടെക്നളോജീസ്‌’ എല്ലാം പയറ്റി.ചങ്കരന്‍ തെങ്ങുംമേല്‍ തന്നെ.എന്റെ അവസ്ഥ കണ്ടു സഹതാപം തോന്നിയ ഒരു പോലീസുകാരന്‍ അത് കെട്ടി തന്നു. ടാഗ് ലൂപ്പിനുള്ളിലൂടെ കടത്തി വലിച്ചു മുറുക്കുന്ന രീതി എന്നെ പഠിപ്പിച്ചത് ചങ്ങാതിയാണ്. ഒരു വിധത്തില്‍ സുരക്ഷാപരിശോധന കഴിഞ്ഞ് വിമാനത്തില്‍ കയറി. സീറ്റ്‌ ബെല്‍റ്റ്‌ കഷ്ടിച്ച് ഒപ്പിച്ചു. യാത്രാശേഷം ഇത് അഴിക്കാന്‍ കഴിയും എന്ന് ഉറപ്പില്ല.--അതപ്പോഴല്ലേ !
വിമാനം പറന്നു തുടങ്ങിയപ്പോള്‍ ഒരു വ്യോമാസുന്ദരി ഗ്ലാസ്സില്‍ എന്തോ ദ്രാവകവും കൂടെ ടിഷ്യു പേപ്പറും കൊണ്ടുവന്നു.ഞാന്‍ അത് വാങ്ങിച്ചു ചുറ്റും നോക്കി.പിന്നെ പേപ്പര്‍ ദ്രാവകത്തില്‍ മുക്കാന്‍ തുടങ്ങി—‘ഫ്രഷ്‌ ‘ ആവാന്‍!
എന്റെ ഇടതു ഭാഗതിരുന്നിരുന്ന ഒരു പയ്യന്‍-ഇരുപതു വയസ്സ് കാണും- ചിരിച്ചു കൊണ്ട് തടഞ്ഞു.
“ ചേട്ടാ, അത് ലൈം ജ്യുസ് ആണേ—കുടിക്കാന്‍”
ചമ്മല്‍ മാറാതെ ഞാന്‍ സത്യസന്ധമായി പറഞ്ഞു—“ ഞാന്‍ പ്ലെയ്നില്‍ ആദ്യമായാണ്”
പയ്യന്‍ പറഞ്ഞു—“ എല്ലാവര്ക്കും ആദ്യം കുറെ അബദ്ധമൊക്കെ പറ്റും.”
പിന്നെ ഞങ്ങള്‍ കുശലപ്രശ്നമൊക്കെ നടത്തി. പയ്യന്‍ അവധിക്ക് അമ്മാവന്‍റെ വീട്ടില്‍ പോവുകയാണ്.ബിസിനസ് കുടുംബം.ഞാന്‍ എന്തിനാണ് ബോംബെയ്ക്ക് പോകുന്നതെന്ന് ചോദിച്ചു. ഞാന്‍ ഒന്നാലോചിച്ചു .ഞാനന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന്‍ ആണ്. പോകുന്നത് ലോകാരോഗ്യ സംഘടനയിലെക്കുള്ള ഇന്ടര്‍വ്യുവിനും. അത് പറഞ്ഞാല്‍ വെയിറ്റ് കുറയും,എന്ന് തോന്നിയത് കൊണ്ടു ഒരു കാച്ചു കാച്ചി- “ഹെല്‍ത്തിലാണ് ,ഡബ്ല്യു.എച്ച്.ഓ ഉദ്യോഗസ്ഥരുമായി ഒരു ചര്‍ച്ച-ഒരു ഡിസ്ക്കഷന്‍ “
സംഗതി ഏറ്റു. പയ്യന്‍ ആരാധനയോടെ എന്നെ നോക്കി. പിന്നത്തെ യാത്ര സംഭാവരഹിതമായിരുന്നു. ഞങ്ങള്‍ പല ലോകകാര്യങ്ങളും ചര്‍ച്ച ചെയ്തു.

ഇന്റര്‍വ്യു നന്നായി എന്ന് എനിക്ക് തോന്നി. പാനെലിന്റെ നിഗമനം മറിച്ചായിരുന്നു എന്ന് മനസ്സിലാകാന്‍ രണ്ടാഴ്ച കഴിഞ്ഞ് “രിഗ്രറ്റ്‌ ലെറ്റര്‍ “ വരേണ്ടി വന്നു എന്നത് വേറെ കാര്യം.
രണ്ടു മാസം കഴിഞ്ഞ് കാണും. എന്റെ സെല്‍ ഫോണില്‍ ഒരു കോള്‍.( അന്നത്തെ സെല്‍ ഫോണ്‍ എന്ന് പറയുന്നത് പത്താം ക്ലാസ്സുകാരുടെ ഇന്‍സ്ട്രുമെന്റ് ബോക്സിന്റെ വലിപ്പവും തത്തുല്യമായ ഭാരവും ഉള്ള ഒരു സംഭവമാണ്).
അപരിചിതമായ ശബ്ദം.” രാകേഷാ ചേട്ടാ! “
“രാകേഷ്‌?” ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. നേരിയ പരിചയം മാത്രമുള്ള രണ്ടാം നിര മൂന്നാം നിര കസിന്‍സിന്റെ പേരെല്ലാം മെമ്മറി ഡിസ്കില്‍ ഓടിച്ചു നോക്കി. നോ രക്ഷ. എന്റെ അവസ്ഥ മനസ്സിലാക്കി അപ്പുറത്തെ ശബ്ദം പറഞ്ഞു.
“നമ്മള്‍ രണ്ടു മാസം മുമ്പ് ഫ്ലൈറ്റില്‍ വച്ച് പരിച്ചയപെട്ടിരുന്നു.എനിക്ക് വിസിറ്റിംഗ് കാര്‍ഡ് തന്നിരുന്നു.”
“ഓ “ എന്റെ ചിന്തകളുടെ ബള്‍ബ്‌ കത്തി.
“ഞങ്ങള്‍ ഗുരുവായൂര്‍ക്ക് വന്നതാ “ രാകേഷ്‌ പറഞ്ഞു.”തിരിച്ചു പോകുന്ന വഴി ഒന്ന് കാണണം എന്ന് തോന്നി. എവിടെയാ വീട്?”
നല്ല പയ്യന്‍.മനസ്സില്‍ പറഞ്ഞു. ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ സൌഹൃദം കാത്തുസൂക്ഷിക്കുന്നവര്‍ ആരുണ്ട്‌? വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.
ഒരു ഒന്നര മണിക്കൂര്‍ കഴിഞ്ഞു കാണും. മുറ്റത്ത്‌ വില കൂടിയ ഒരു കാര്‍ വന്നു നിന്നു.കാറില്‍ നിന്നു മൂന്നു പേര്‍ ഇറങ്ങി. പയ്യന്‍സ്, അമ്മ എന്ന് തോന്നിക്കുന്ന പ്രൌഢയായ ഒരു സ്ത്രീ,പിന്നെ സുന്ദരിയായ ഒരു യുവതി. ഒരിരുപതു-ഇരുപത്തിരണ്ടു വയസ്സ് പ്രായം കാണും. കേരളീയ രീതിയില്‍ സാരിയൊക്കെ ഉടുത്ത് ,’എലഗന്റ്” ആയ ആഭരണങ്ങള്‍. ഉടുത്തൊരുങ്ങി തന്നെ ആണ് വരവ്. എല്ലാവരും സ്വീകരണമുറിയില്‍ ഇരുന്നു. എന്തോ ചിലതൊക്കെ പറഞ്ഞതിന് ശേഷം രാകേഷ്‌ ചോദിച്ചു.
“ഏതാ ഈ കുഞ്ഞ് ?”
എന്റെ ഒക്കത്തിരുന് എന്റെ കണ്ണാടി എടുക്കാന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന കുരുന്നിനെ പറ്റിയാണ് ചോദ്യം.
“ എന്റെ മകനാണ്,സൗരവ്‌ “.ഞാന്‍ മോന്റെ കവിളത്ത് നുള്ളിക്കൊണ്ട് പറഞ്ഞു.
ഏതാണ്ടീ സമയം എന്റെ സഹധര്‍മ്മിണി അടുത്ത വീട്ടിലെ പി. ഡി. സെഷന്‍ ( പരദൂഷണത്തിന്റെ അബ്രീവിയെഷന്‍) കഴിഞ്ഞു പടി കടന്നു വന്നു.
“ മീറ്റ്‌ മൈ വൈഫ്‌ സവിത” ഞാന്‍ പരിചയപെടുത്തി. രാകെഷിന്റെയും അമ്മയുടെയും മുഖം ‘പേപ്പറി വൈറ്റ്” ആവുന്നത് ഞാന്‍ ശ്രദ്ധിച്ചു.
“കല്യാണം കഴിക്കാത്ത ആള്‍ ആണെന്നല്ലേ നീ പറഞ്ഞത് ?” അമ്മ രാകേഷിനോട് ചോദിക്കുന്നു.രാകേഷ്‌ വ്യക്തമായ പരിഭ്രമത്തോടെ എന്നെ നോക്കി. “കല്യാണം കഴിഞ്ഞതല്ല എന്നല്ലേ പറഞ്ഞത്?”
എന്റെ ഭാര്യ എന്നെ ഒന്ന് കടുപ്പിചു നോക്കി. നിങ്ങള്‍ ഇതും ഇതിലപ്പുറവും പറയും എന്ന ഒരു സ്റ്റേറ്റ്മെന്‍റ്റ് ആ നോട്ടത്തില്‍ ഉണ്ടായിരുന്നു.
“ഒരിക്കലും ഇല്ല. അങ്ങനെ ഒന്നും ഡിസ്കസ് ചെയ്തതായി ഓര്‍ക്കുന്നില്ലല്ലോ “ ഞാന്‍ പറഞ്ഞു. (സത്യം)
രാകേഷ്‌ പെട്ടെന്നു തന്റെ ഉഷാറ് വീണ്ടെടുത്തു. എല്ലാവരും ജ്യുസ് കുടിച്ചു. “എന്നാല്‍ പിന്നെ കാണാം “ എന്ന് പറഞ്ഞു എല്ലാവരും ധൃതിയില്‍ എഴുനേറ്റു. സുന്ദരിയായ സഹോദരിയുടെ  ( നിമിഷ എന്നോ മറ്റോ ആണ് പേര്‍ പറഞ്ഞത്) മുഖത്ത് ചെറിയ ഒരു ജാള്യത കാണാമായിരുന്നു.
പടി കടന്നപ്പോള്‍ രാകേഷ്‌ പിന്നെയും പറഞ്ഞു.”ഞാന്‍ കരുതിയത്‌ ബാച്ചലര്‍ ആണെന്നാണ് കേട്ടോ”.അവന്റെ അമ്മ അവനെ ഒന്ന് തുറിച്ചു നോക്കി. കൃത്യം ആ സമയത്ത് സൌരവ് തന്റെ ലക്‌ഷ്യം കണ്ടെത്തി. എന്റെ മുഖത്തെ കണ്ണാടി ഒരു ബൌളറുടെ കൈവഴക്കത്തോടെ അവന്‍ ദൂരെ വലിച്ചെറിഞ്ഞു. എല്ലാവരും ചിരിച്ചു.
വില കൂടിയ കാര്‍ അകന്നു പോയി.
അന്ന് നടന്നത് “ ചെക്കന്‍ കാണല്‍” വരവ് ആണെന്ന് സവിത ഇത് വരെ സമ്മതിച്ചിട്ടില്ല.
അല്ലെങ്കിലും പണ്ടേ അവള്‍ക്കെന്നോട് അസൂയയാണ്.!

6 comments:

  1. നർമ്മം കലക്കി..ഞാൻ കട അടച്ച് പൂട്ടേണ്ടി വരുമോ?

    ടാക്സി ഡ്രൈവറുടെ ഇരിപ്പ് ഞാൻ മനക്കണ്ണു കൊണ്ട് കണ്ടു...കറ കറക്ട്..:)

    കന്നിവിമാനയാത്രക്കാരനു, മറ്റു എയർലൈൻസ് ഹോസ്റ്റസുമാരെ കാണാൻ സാദ്ധ്യത കുറവല്ലേ?

    ‘എന്റ് പഞ്ച്’ കലക്കി..സൗമ്യയെ ഇനി നേരിട്ട് കാണട്ടെ...:)

    ReplyDelete
  2. Thanks Biju.This is written as recollection so I think the comment on air staff is ok.neways I cant put you out of business!Your flair for humour is amazing

    ReplyDelete
  3. നല്ല നിരീക്ഷണങ്ങള്‍ ഉണ്ട്. ആ ഡ്രൈവറുടെ ഇരിപ്പും മറ്റും.
    രസായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete
  4. ഒരു സ്കോപുണ്ട്
    നല്ല അഥയും, നല്ല വിവരണവും
    ആശംസകള്‍

    ReplyDelete
  5. Could visualise you narrating the episode..and Sowmyas reaction to your chekkan kannal..good read..👌😄

    ReplyDelete
  6. Could visualise you narrating the episode..and Sowmyas reaction to your chekkan kannal..good read..👌😄

    ReplyDelete