Wednesday, 26 September 2012

കാലം തെറ്റി വന്ന ക്ഷണം


അമ്പലത്തിലെയ്ക്കുള്ള വഴിയില്‍ പതുക്കെ നടക്കുകയായിരുന്നു.രണ്ടു വരിയായി നിരന്നു നില്‍ക്കുന്ന അഗ്രഹാര ഭവനങ്ങള്‍. ഗോപുരത്തിന്റെ അടുത്തെത്തിയപ്പോള്‍ ഒരു പഴയ അംബാസിഡര്‍ കാര്‍.അകത്തേയ്ക്ക് പാളി നോക്കിയപ്പോള്‍ നിറഞ്ഞ ചിരിയുമായി കമല മാമി ഇറങ്ങി നിന്നു.
“എപ്പോ  വന്തായ്‌?” 
അന്ന് വെളുപ്പിനാനെന്നു പറഞ്ഞപ്പോള്‍ പിന്നെയും ചോദ്യം.
“ഇപ്പൊ വീട്ടില്‍ ആരാ?”

വീട്ടില്‍ ആരും ഇല്ലെന്നും വാരാന്ത്യങ്ങളില്‍ താന്‍ വെറുതെ വന്നു ഇരിക്കുന്നതാനെന്നും അറിയാതെ അല്ല.വെറുതെ ഒരു കുശലം.

“ആരും ഇല്ല,” ഞാന്‍ പറഞ്ഞു മുന്നിലേയ്ക്ക് നടക്കാന്‍ തുടങ്ങി.

‘അപ്പൊ ഭക്ഷണം? എങ്കെ സാപ്പിടറായ്‌?” മാമി വിടാനുള്ള മട്ടല്ല.
“ അയ്യര്‍ ഹോട്ടല്‍ ഉണ്ടല്ലോ” ഞാന്‍ ചിരിച്ചു.

“വീട്ടിലേയ്ക്ക് വരാമല്ലോ” മാമി ക്ഷണിച്ചു.:അവിടെ ഞാനും മാമാവും മാത്രമേ ഉള്ളു”

“സാരമില്ല,ഇന്നിപ്പോള്‍ ഒരു കല്യാണ സദ്യ ഉണ്ട് “ ഞാന്‍ മുന്നോട്ടു നടന്നു.

ഒരു ഇരുപതു കൊല്ലം മുമ്പായിരുന്നെങ്കില്‍ മനസ്സില്‍ കുളിര് കോരിയിടാന്‍ പോന്ന ഒരു ക്ഷണം!
പാതി ചാരിയിട്ട വാതിലിനപ്പുറത്ത് തുളസിയുടെ കാല്ചിലങ്കകുളുടെ മനം കുളിര്‍പ്പിക്കുന്ന മര്‍മരം.മാമി തന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊപ്പിച്ച് അടക്കി പിടിച്ച ചിരിയുടെ നേര്‍ത്ത നിസ്വനം.ആരും അറിയാതെ താന്‍ മുമ്പത്തെ  വര്‍ഷത്തെ രഥോല്സവത്തിനു വാങ്ങി കൊടുത്ത കുപ്പി വളകളുടെ കിലുക്കം.
ഇന്നിപ്പോള്‍ കടലിനക്കരെ ഭര്‍ത്താവും ഒന്നിച്ച് സസുഖം വാഴുന്ന തുളസിയെ മനസ്സില്‍ നിന്നു പുറത്താക്കി അമ്പലത്തിനുള്ളിലെയ്ക്ക് കടന്നു.