Wednesday, 23 December 2015

സ്വപ്നം

ഒരു കൊച്ചു സ്വപ്നം


എൺപതുകളുടെ മധ്യത്തിലെ ഒരു സായാഹ്നം.സ്ഥലം,ഞങളുടെ സ്ഥിരം സമ്മേളനവേദിയായ അഛന്റെയും അമ്മയുടെയും കിടപ്പുമുറി.അഛനു രോഗികളുടെ തിരക്കു കുറവുള്ള ഒരു നവംബർ മാസസന്ധ്യ.സമ്മേളനാംഗങൾ ഞങ്ങൾ കുട്ടികൾ,പന്ത്രണ്ടും പതിനാലും വയസ്സും പ്രായം,അഛൻ,അമ്മ...
സംസാരം ഭൂമിക്കു കീഴെ എന്തിനെ പറ്റിയും ആവാം.കറണ്ട്‌ ബില്ല്,ഇന്ദിരാഗാന്ധി,ജനതാപാർട്ടി,ആറാട്ടുപുഴ പൂരം,എടക്കുന്നി വിളക്ക്‌..പറഞ്ഞ്‌ പറഞ്ഞ്‌ സംസാരം കല്യാണം,പ്രേമലേഖനം ഇങ്ങനെ പോയി.അപ്പോഴാണു ഞങ്ങൾ കുസ്രുതികൾക്കു ഒരു സംശയം...(ആഴ്ച തോറും മുറ തെറ്റാതെ രാഗത്തിലും രാംദാസിലും കണ്ടുകൂട്ടിയിരുന്ന പ്രേം നസീർ സിനിമകളുടെ സ്വാധീനം ആവണം)...കല്യാണത്തിനു മുൻപ്‌ അഛനും അമ്മയും പരസ്പരം കത്തെഴുതിയിരുന്നോ? പ്രേമലേഖനമാണു മനസ്സിൽ..സ്വതവേ നിറമുള്ള അമ്മയുടെ മുഖം കൂടുതൽ ചുവന്നു.
"കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തുന്നോ ?"
ഒരു നാടൻ പ്രയോഗത്തിലൂടെ അമ്മ രക്ഷപ്പെടാൻ ശ്രമിച്ചു.ഞങ്ങളുണ്ടോ വിടുന്നു? സ്വതവേ തുറന്ന പ്രകൃതക്കാരനായ അഛനിലായി സമ്മർദ്ദം.അവസാനം അച്ഛൻ വഴങ്ങി.
"പ്രേമലേഖനം എന്ന് പറയാനാവില്ല,എനിക്ക്‌ ഒരു പാട്ട്‌ എഴുതി അയച്ച്‌ തന്നു.അക്കാലത്തെ പ്രസിദ്ധമായ ഒരു പാട്ട്‌"
"ഏതാ,ഏതാ..." ഞങ്ങൾ തിടുക്കം കൂട്ടി.അച്ഛൻ മറുപടി പറയും മുൻപ്‌ അമ്മ ആ ഗാനം പതുക്കെ മൂളി.
"ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടത്തെ അരികിൽ ഞാൻ ഇപ്പ്പോൾ വന്നെങ്കിൽ...."
വർഷങ്ങൾ കടന്നു പോയി.അമ്മ 1991ൽ തന്നെ ചിറകു വിരിച്ച്‌ പറന്നു പോയി.പലപ്പോഴും ബെഡ്‌ റൂം കോൺഫറൻസുകൾക്ക്‌ ഞാനും അച്ഛനും മാത്രമാവും.2012 മെയ്‌ മാസം ഞങ്ങൾ ആ ഞെട്ടിക്കുന്ന വാർത്ത അറിഞ്ഞു.അച്ഛനു കാൻസർ ബാധ.അധികം ആയുസ്സില്ല.ചികിൽസിക്കാൻ പോലും അദ്ധേഹം കൂട്ടാക്കിയില്ല. അല്ലെങ്കിലും ചികിത്സ കൊണ്ട്‌ വലിയ ഫലം ഇല്ലായിരുന്നു എന്നത്‌ സത്യം.
ജൂൺ ആദ്യം എന്റെ ജ്യേഷ്‌ടൻ പറഞ്ഞതനുസരിച്ച്‌ പത്ത്‌ ദിവസത്തെ അവധിക്കെഴുതി കൊടുത്ത്‌ ഞാൻ നാട്ടിലേക്ക്‌ പുറപ്പെട്ടു. പുറപ്പെടും മുമ്പെ ഞാൻ അച്ഛനോട്‌ പറഞ്ഞു.
"സമ്മതമാനെങ്കിൽ ചികിത്സിക്കാം,അല്ലെങ്കിൽ നമുക്ക്‌ വല്ല പഴയ കാര്യങ്ങളും പറഞ്ഞിരിക്കാം"
നാട്ടിലെതിയപ്പോൾ ചികിത്സിക്കാൻ ഡോക്ടർക്ക്‌ പോലും സമ്മതമല്ലായിരുന്നു. തീരെ ക്ഷീണിതനായി കിടന്നിരുന്ന ആശുപത്രി കിടക്കയിലായിരുന്നു ഞങ്ങൾ മൂന്നു പേരുടെ അവസാന"സമ്മേളനങൾ".മരിക്കുന്നതിനു അര മണിക്കൂർ മുമ്പുവരെ!
അങ്ങനെ കിടക്കുംബോൾ കാൻസർ ചവച്ച്‌ തുപ്പിയ അച്ചന്റെ മെലിഞ്ഞ കാൽപ്പാദങ്ങൾ ഞാൻ നോക്കിയിരിക്കും. അപ്പോഴെല്ലാം അമ്മ മൂളിയ,വർഷങ്ങൾക്കു മുമ്പ്‌ വരികൾ കടമെടുത്ത്‌ തന്റെ ഭാവി ഭർത്താവിനു അയച്ച്‌ കൊടുത്ത ആ പാട്ടിലെ വേറെ ചില വരികൾ ആണു എന്റെ മനസ്സിൽ ഓടി നടന്നുകൊണ്ടിരുന്നത്‌.
"പട്ടു പോലുള്ളൊരാ പാദങ്ങൾ രണ്ടും കെട്ടി പിടിച്ചൊന്ന് പൊട്ടിക്കരയാൻ..."
ഇന്നിപ്പൊൾ മറ്റൊരു ലോകത്ത്‌ അവർ ഒന്നിച്ചിരിക്കുന്നു.അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാൻ ആണു ഞങ്ങൾക്കിഷ്ടം.
മരണത്തിനു ഏതാനും നിമിഷം മുമ്പ്‌ ,അച്ഛനു നൽകിയ മരുന്ന് തുണിയിൽ പൊതിഞ്ഞ ഒരു ഡ്രിപ്പ്‌ ആയിരുന്നു. പ്രകാശം തട്ടാതിരിക്കാൻ ചില മരുന്നുകൾക്ക്‌ അങ്ങിനെ ചെയ്യാറുണ്ട്‌.അത്‌ കണ്ടപ്പോൾ ഞാനും അച്ഛനും ഒന്നിച്ച്‌ പറഞ്ഞ തമാശ ഞങ്ങൾ തൃശ്ശൂർക്കാർക്ക്‌ മാത്രമേ മനസ്സിലാവൂ.
"ഇതെന്താ കണിമംഗലം ശാസ്താവോ?"

നമ: ശിവായ...