കാർഗിൽ യുദ്ധാനന്തരം ഒരു കമ്മിറ്റി ആ യുദ്ധത്തിനെ പറ്റി പഠിച്ചു . Surveillance/ നിരീക്ഷണത്തിൽ നമുക്ക് പിഴവ് പറ്റി എന്നായിരുന്നു ഒരു കണ്ടെത്തൽ. രോഗാണുക്കളോട് ഉള്ള യുദ്ധം തന്നെ ആണ് പൊതു ജന ആരോഗ്യം. (ഈ ലേഖനം വായിക്കാൻ 15 മിനുട്ട് എടുക്കും.)
രോഗനിരീക്ഷണവും രോഗനിര്ണായവും :
ഇത് രണ്ടും രണ്ടാണ് . പക്ഷെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഒരു രോഗി പനി, ചുമ യുമായി ഡോക്ടറുടെ അടുത്ത് വരുന്നു. അന്വേഷണത്തിൽ മൂന്നാഴ്ച ആയി ചുമ ഉണ്ട് എന്ന് കണ്ട് ഡോക്ടർ ക്ഷയ രോഗ പരിശോധന ക്ക് കഫം കൊടുക്കാൻ പറയുന്നു. ലാബിൽ പോയി രോഗി അത് ചെയുന്നു. റിസൾട്ട് വരുന്നു. ക്ഷയ രോഗം സ്ഥിരീകരിക്കുന്നു. ഡോക്ടർ മരുന്നിന് കുറിക്കുന്നു.
ഇത്രയും ആയാൽ രോഗനിർണയം കഴിഞ്ഞു. ( ലാബ് ടെസ്റ്റ് ചെയ്യാതെ നിർണയിക്കുന്ന രോഗങ്ങൾ ഉണ്ട് എന്നത് മറക്കുന്നില്ല )
ഇതിന് ശേഷം രോഗിയുടെ വിവരങ്ങൾ തൊട്ടടുത്ത സർക്കാർ ആരോഗ്യകേന്ദ്രതിലേക്കോ മറ്റൊരു സർക്കാർ ഉദ്യോഗസ്ഥനെയോ അറിയിക്കുന്നു.ഇത് രോഗനിരീക്ഷണവും ആയി.
രോഗലക്ഷണങ്ങൾ ഉള്ള ആളെ ഒരു ലാബ് പരിശോധന ക്ക് വിധേയമാക്കി രോഗം ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന് ഉറപ്പു വരുത്തുക എന്നതാണ് രോഗനിരീക്ഷണം അഥവാ Surveillance .
പൊതുവെ ,നിരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ള രോഗങ്ങളിൽ ഡോക്ടറുടെ ലാബ് പരിശോധനക്ക് മുൻപുള്ള രോഗനിർണയത്തിന് പ്രസക്തി ഇല്ല. അതായത് മേൽപറഞ്ഞ ഉദാഹരണത്തിൽ മറ്റ് പല ലക്ഷണങ്ങൾ കൊണ്ട് ഇത് ക്ഷയം അല്ല എന്ന് ഡോക്ടർക്ക് തോന്നിയാലും ക്ഷയത്തിന് ആയുള്ള കഫ പരിശോധന അധികൃതർ നിഷ്കര്ഷിക്കും.
രോഗനിരീക്ഷണത്തിൽ ലാബ് ടെസ്റ്റ് കളുടെ പ്രസക്തി:
പണ്ടൊക്കെ തളർവാതം വന്നവരുടെ കണക്ക് എടുത്ത് അതിൽ നിശ്ചിത ശതമാനം 'പോളിയോ കൊണ്ട് ആയിരിക്കും' എന്ന് അനുമാനിക്കുക ആണ് പതിവ്. എന്നാൽ ഇന്ന് ,കയ്യോ കാലോ തളർന്ന കുട്ടികളിൽ നിന്നും സാമ്പിൾ ( മലം) ശേഖരിച്ച് വൈറസ് കൾച്ചർ ചെയ്ത ശേഷം ആണ് ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന് സ്ഥിരീകരിക്കുന്നത്.അതായത് കൃത്യത കൂടികൊണ്ടിരിക്കുന്നു.
രോഗപകർച്ച യുടെ വിവിധ ഘട്ടങ്ങളിൽ ലാബ് ടെസ്റ്റിന്റെ പ്രസക്തി:
ഒരു രോഗം ആദ്യമായി ഒരു സമൂഹത്തിൽ എത്തിപ്പെടുമ്പോൾ രോഗം എവിടെ, ആരിൽ,എപ്പോൾ ഉണ്ടാവുന്നു എന്ന് അറിയാൻ ടെസ്റ്റുകൾ ചെയ്യണം. താരതമ്യേന രോഗത്തിന്റെ തോത് കുറഞ്ഞിരിക്കുന്ന ഈ സമയത്തു കൂടുതൽ ടെസ്റ്റ് ആവശ്യം ആയിവരും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും ചിലപ്പോൾ ടെസ്റ്റ് ചെയ്യും.
പിന്നീട് രോഗത്തിന്റെ പകർച്ച വർധിക്കുമ്പോൾ രോഗലക്ഷണങ്ങൾ ഉള്ളവർ എല്ലാവരെയും ടെസ്റ്റ് ചെയ്യും. ഇല്ലാത്തവരെ ചെയ്തു എന്ന് വരില്ല. എന്നാൽ രോഗനിർമാർജനം ലക്ഷ്യം ആണെങ്കിൽ ടെസ്റ്റുകൾ കൂടുതൽ വേണ്ടി വരും.അപ്പോഴും ചെറുതായി എങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവരെ തന്നെ ആണ് ടെസ്റ്റ് ചെയ്യുക.
ഇനി, രോഗം തീരെ ഇല്ലാതാവുന്ന സമയത്തു അത് തെളിയിക്കാൻ രോഗനിരീക്ഷണതിന്റെ ഭാഗമായി ടെസ്റ്റ് ചെയ്യണം. ഉദാഹരണത്തിന്
"ഞങ്ങൾ മൂന്നാഴ്ച ചുമ ഉള്ള 2000 പേരെ ടെസ്റ്റ് ചെയ്തു. ആർക്കും ക്ഷയം ഇല്ല.അതിന്റെ അർത്ഥം ഈ പ്രദേശത്ത് നിന്നും ക്ഷയം തത്കാലം അപ്രത്യക്ഷമായി എന്നാണ്".
അതായത് രോഗപകർച്ച യുടെ വിവിധ ഘട്ടങ്ങളിൽ വിവിധതരം ലക്ഷ്യങ്ങൾ ആണ് ടെസ്റ്റിങ്ങിന് ഉള്ളത്.
കോവിഡും ടെസ്റ്റും:
കോവിഡിന്റെ കാര്യത്തിൽ തുടക്കം മുതൽ തന്നെ വൈറസിന്റെ കണികകൾ കണ്ടു പിടിക്കുന്ന RTPCR ആണ് ടെസ്റ്റ് ആയി ഉപയോഗിക്കുന്നത്. ഇത് ജീവനുള്ള വൈറ്സിനെയും ജീവൻ ഇല്ലാത്ത വൈറസിനെയും കണ്ടു പിടിക്കും.രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു ഏതാനും ദിവസം കഴിഞ്ഞാൽ രോഗലക്ഷണങ്ങൾ കാണും . അത് വരെ ഉള്ള സമയത്തിന് ആണ് ഇന്കയുബഷൻ കാലം എന്ന പറയുന്നത്.ഇതിന് മുൻപ് തന്നെ രോഗി മറ്റുള്ളവർക്ക് രോഗം പകർന്ന് കൊടുക്കുന്ന സ്ഥിതിയിൽ ആവുന്നു എന്നതാണ് കോവിഡിൽ ഒരു പ്രശ്നം. ഇത് കോവിഡിന്റെ മാത്രം പ്രത്യേകത ഒന്നും അല്ല.ശരാശരി 200 പേർക്ക് പോളിയോ വൈറസ് ബാധ ഉണ്ടായാൽ ഒരാൾക്ക് ആണ് തളർവാതം വരിക. അല്ലാത്തവരുടെ മലം വഴി അസുഖം പടർന്ന് കൊണ്ടേ ഇരിക്കും.
പക്ഷെ ടെസ്റ്റ് പോസിറ്റീവ് ആയില്ലെങ്കിൽ രോഗപകർച്ച ഉണ്ടാവുമോ? ഇവിടെ നാം ടെസ്റ്റിന്റെ പരിമിതികൾ അറിയണം.
ഉള്ളതെല്ലാം പറയുന്ന ടെസ്റ്റുകളും ഇല്ലാത്തത് പറയാത്ത ടെസ്റ്റുകളും:
ശാസ്ത്രീയമായി ഇതിന് സെൻസിറ്റീവിറ്റി ,സ്പെസിഫിസിറ്റി എന്ന് പറയും.
ഉള്ളതെല്ലാം പറയുന്ന ടെസ്റ്റുകൾ :
ഇവ വളരെ സെൻസിറ്റീവ് ആണ്. കുഴപ്പം എന്താണെന്ന് വെച്ചാൽ ചിലപ്പോൾ സത്യം അല്ലാത്തതും പറയും. രോഗം ഉണ്ടെങ്കിൽ അറിഞ്ഞിരിക്കും. പക്ഷെ ഉള്ളതെല്ലാം പറയുന്ന കൂട്ടത്തിൽ ഇല്ലാത്തത് ചുമ്മാ തട്ടി വിടും. ഇക്കൂട്ടർ ( ഈ ടെസ്റ്റുകൾ) ഇല്ല എന്ന് പറഞ്ഞാൽ ഇല്ല. പക്ഷെ ഉണ്ട് എന്ന് പറഞ്ഞാൽ ഉറപ്പിക്കാൻ വയ്യ.
ഇല്ലാത്തത് പറയാത്ത ടെസ്റ്റുകൾ :
ഇവ സത്യസന്ധർ ആണ്. പക്ഷെ പഴയ നമ്പൂതിരിയുടെ കഥ പോലെ മർമ്മം നോക്കി നോക്കി കാര്യം മറക്കും. അതായത് പറഞ്ഞാൽ ( ടെസ്റ്റ് പോസിറ്റീവ് ആയാൽ ) വിശ്വസിക്കാം.കോടതി ഭാഷയിൽ പറഞ്ഞാൽ സത്യമേ പറയൂ. പക്ഷെ സത്യമായിട്ടുള്ളതെല്ലാം പറയണം എന്നില്ല.
ഇതിൽ നിന്നും ഒരു കാര്യം വ്യക്തം. രോഗനിർണയം നടത്തുന്നതിന് ആദ്യം "ഉള്ളതെല്ലാം പറയുന്ന "ടെസ്റ്റ് ചെയ്യുക.അത് പോസിറ്റീവ് ആയാൽ ഇല്ലാത്തത് പറയാത്ത ടെസ്റ്റ് ചെയ്യുക. ഇപ്പോൾ പോസിറ്റീവ് ആയാൽ രോഗം ഉറപ്പ്.
കോവിഡിന്റെ കാര്യത്തിൽ "ഉള്ളതെല്ലാം പറയുന്ന ടെസ്റ്റ് "ലഭ്യമായിട്ടില്ല.
ഇപ്പോൾ ഏതാണ്ട് 70 ശതമാനം മാത്രമാണ് സ്രവം പോസിറ്റീവ് ആവുന്നത്. അതായത് പിന്നീട് നടന്ന സ്രവം ടെസ്റ്റ് വഴി രോഗം ഉണ്ട് എന്ന് കണ്ടവരിൽ ആദ്യത്തെ ടെസ്റ്റ് 30ഓളം ശതമാനത്തിൽ നെഗറ്റീവ് ആയിരുന്നു.
അപ്പോൾ ശ്രദ്ധിക്കുക. കോവിഡിന്റെ rtpcr ടെസ്റ്റ് പോസിറ്റീവ് ആയി വന്നാൽ അത് ഉള്ള കാര്യം ആണ്. കാരണം Specific ആണ്. ഇപ്പോൾ ഞാൻ പറഞ്ഞ ഭാഷയിൽ "ഇല്ലാത്തത് പറയാത്ത" ടെസ്റ്റ് ആണ്.
വളരെ അപൂർവമായി സാങ്കേതിക കാരണങ്ങളാൽ ഉണ്ടാകാം.പക്ഷെ പ്രായോഗികമായി ഇത് കണക്കാക്കേണ്ടത് ഇല്ല.
എന്തായാലും "ഉള്ളത് എല്ലാം പറയാത്ത.".. സെൻസിറ്റീവ് അല്ലാത്ത ,ടെസ്റ്റ് ആയത് കൊണ്ട് തന്നെ എത്ര കൂടുതൽ ആളുകളിൽ ടെസ്റ്റ് ചെയ്യുന്നോ അത്രയും രോഗ നിരീക്ഷണം മെച്ചപ്പെട്ടതാവും.
(ഇതിന്റെ മറുവശം പറഞ്ഞാൽ "ഉള്ളത് ഒക്കെ വിളിച്ചു പറയുന്ന" ടെസ്റ്റുകൾ വളരെ അധികം നടത്തിയാൽ ഉള്ളതിൽ കൂടുതൽ കേസ് ഉള്ളതായി റിപ്പോർട് വരും.ഇത് പരിഭ്രാന്തി സൃഷ്ടിക്കും.
കോവിഡിന്റെ RTPCR സ്രവ പരിശോധന കാര്യത്തിൽ ഈ പ്രശ്നം ഇല്ല.)
ആരെ ടെസ്റ്റ് ചെയ്യും?
അസുഖങ്ങളുടെ രോഗനിര്ണയത്തിന് വേണ്ടി ആണെങ്കിൽ ആരെ ടെസ്റ്റ് ചെയ്യണം എന്ന കാര്യത്തിൽ വലിയ ആശയക്കുഴപ്പം ഒന്നും ഇല്ല.രോഗലക്ഷണങ്ങൾ ഉള്ള ആളുകളെ ടെസ്റ്റിന് വിധേയമാക്കുന്നു.മിക്കവാറും ശക്തമായ സംശയം ഉണ്ടെങ്കിൽ ആണ് ഇത് നടക്കുക.എന്നാൽ രോഗനിരീക്ഷണത്തിന്റെ ആവശ്യത്തിന്, അത്ര സംശയം ഇല്ലെങ്കിലും ടെസ്റ്റ് ചെയ്യാൻ പൊതുജനാരോഗ്യ വിഭാഗം ഡോക്ടർമാർക്ക് നിർദേശം നൽകിയേക്കും.
ഒരു ചെറിയ ഉദാഹരണം പോളിയോ നിരീക്ഷണത്തിൽ നിന്നു തന്നെ.
കുട്ടികൾക്ക് പല കാരണങ്ങൾ കൊണ്ടും കൈകാലുകൾക്ക് തളർച്ച അനുഭവപ്പെടാം.പോളിയോ അതിൽ ഒന്നു മാത്രം. ഇപ്പോൾ ആണെങ്കിൽ ഇന്ത്യയിൽ പോളിയോ വൈറസ് കണ്ടിട്ട് വർഷങ്ങളായി. പക്ഷെ ഇന്നും പെട്ടെന്ന് കൈകാലുകൾ തളരുന്ന കുട്ടികൾക്ക് പോളിയോ വൈറസ് ടെസ്റ്റ് നിർബന്ധമാണ്. ഇത് പറയുമ്പോൾ പല ഡോക്ടർമാരും എന്നോട് തർക്കിക്കും. ഞങ്ങൾക്ക് അറിയാം. ഇത് പോളിയോ അല്ല. പിന്നെ എന്തിന് ടെസ്റ്റ് ചെയ്യണം?. ഒറ്റ ഉത്തരം രോഗനിരീക്ഷണത്തിന് ഇത് ആവശ്യം ആണ് എന്നതാണ്.
പോളിയോയുടെ കാര്യത്തിൽ ആ വൈറസ് നമ്മുടെ ഇടയിൽ ഇല്ല എന്ന് തെളിയിക്കാൻ കൂടി ആണ് ടെസ്റ്റ്.
അപ്പോൾ കൃത്യമായ രോഗലക്ഷണങ്ങൾ ഇല്ല എങ്കിലും.. രോഗപകർച്ചാസാധ്യത ഇല്ല എങ്കിലും ( contact അല്ല എങ്കിലും) രോഗനിരീക്ഷണം( surveillance) കാര്യക്ഷമമായി നടക്കണമെങ്കിൽ ടെസ്റ്റ് നടക്കണം.
അപ്പോൾ ന്യായമായ ഒരു ചോദ്യം ഉയരും. ഭൂരിഭാഗം രോഗികൾക്കും ലക്ഷണം ഇല്ല. അപ്പോൾ പിന്നെ എല്ലാവരെയും ടെസ്റ്റ് ചെയ്യണോ?.
അത് പ്രായോഗികമല്ല. ഒരു കാര്യം ഓർക്കുക. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവരിൽ ആണ് ഒന്നും ഇല്ലാത്തവരെക്കാൾ വൈറസ് സാന്നിധ്യത്തിന് സാധ്യത.അത് കൊണ്ട് കോവിഡിന് സമാനമായ ലക്ഷണങ്ങൾ ഉള്ളവർക്ക് എല്ലാം RTPCR ടെസ്റ്റ് ചെയ്യണം.
ഇതിന് SARI, ILI ഇങ്ങനെ രണ്ട് തരം ലക്ഷണ ശാസ്ത്രം ഉപയോഗിക്കാം.
Influenza Like Illness : കഴിഞ്ഞ 10 ദിവസത്തിന്റെ ഉള്ളിൽ 38 ഡിഗ്രിക്ക് മുകളിൽ പനി, ചുമ.
Severe Acute Respiratory Illness ( SARI ) :
കഴിഞ്ഞ 10 ദിവസത്തിന്റെ ഉള്ളിൽ 38 ഡിഗ്രിക്ക് മുകളിൽ പനി, ചുമ. കൂടാതെ ആശുപത്രിയിൽ പ്രവേശനം.
കേരളത്തിൽ ഇപ്പോൾ ചെയ്യേണ്ടത് ഇതാണ്. ഇത് കുറെ ദിവസം മുൻപേ ഞാൻ ഇംഗ്ലീഷിൽ എഴുതിയിരുന്നു. ലിങ്ക് കാണുക.
ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ :
ഇവരെ കണ്ടുപിടിക്കാൻ എളുപ്പം അല്ല.അപ്പോൾ ചെയ്യാവുന്ന കാര്യം രോഗം സ്ഥിരീകരിച്ചവരുടെ രോഗലക്ഷണങ്ങൾ ഇല്ലാത്ത സമ്പർക്കക്കാരെ ( contact) ടെസ്റ്റ് ചെയ്യുക എന്നതാണ്. ഇത് മേല്പറഞ്ഞ SARI/ ILI ലക്ഷണശാസ്ത്രം ഉള്ളവരുടെ കോണ്ടക്ടസിനും ബാധകം ആക്കുക. രോഗികളുടെ ടെസ്റ്റ് റിസൾറ്റിന് കാത്തു നില്കേണ്ടതില്ല. കാരണം നേരെത്തെ പറഞ്ഞ ടെസ്റ്റ് "ഉള്ളതെല്ലാം പറയുന്ന "ടെസ്റ്റ് അല്ലാത്തത് കൊണ്ട്.
ഒടുവിൽ ഒരാൾ മാത്രം ബാക്കിയായി :
പലരും ചോദിക്കുന്നു. ഇത് എപ്പോൾ തീരും?. വാക്സിനോ മരുന്നോ ഇല്ലാതെ വന്നാൽ അനന്തമായി നീളുമോ? ഇല്ല. ഇവിടെയും രോഗനിരീക്ഷണം നമ്മുടെ രക്ഷക്ക് എത്തും. ടെസ്റ്റ് പോസിറ്റീവ് ആവുന്ന ഒരാൾ ഏകാന്തവാസത്തിൽ..ഐസോലാഷനിൽ പ്രവേശിക്കുന്നതോടെ ആ സംക്രമണ ശൃംഖല...transmission chain അവിടെ മുറിഞ്ഞു. ഇങ്ങിനെ പരമാവധി കേസ് കണ്ട് പിടിച്ച് സംക്രമണ ശൃംഖലകൾ മുറിക്കണം.
ഒരു ഘട്ടത്തിൽ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം ദിവസം 5000വും പോസിറ്റീവ് 30 എന്നോ മറ്റോ വരും. ഇത് നല്ല രീതിയിൽ ഐസോലാഷൻ ചെയ്യുന്ന പക്ഷം പതുക്കെ ചെറിയ സംഖ്യ യിലേക്ക് ചുരുങ്ങും.
ഈ ഘട്ടത്തിൽ നമ്മൾ കോവിധാനന്തര സമയത്തേക്ക് എത്തും. പിന്നെയും കേസ്/ ക്ലസ്റ്റർ വരും
അതിന് പ്രാദേശികമായ നിരോധനാജ്ഞ, ഐസോലാഷൻ മറ്റും മതിയാവും.
Test.. Trace..Isolate... ഇത് തന്നെ മന്ത്രം...
ഡോ. സന്തോഷ് രാജഗോപാൽ.
Surveillance Medical Officer
ലോകാരോഗ്യ സംഘടന
( അഭിപ്രായങ്ങൾ വ്യക്തിപരം).